/സഹകരണ ബാങ്കുകള്‍ ഇനിമുതല്‍ ആര്‍ബിഐയ്ക്ക് കീഴില്‍; മന്ത്രിസഭ ഓര്‍ഡിനന്‍സ് അംഗീകരിച്ചു

സഹകരണ ബാങ്കുകള്‍ ഇനിമുതല്‍ ആര്‍ബിഐയ്ക്ക് കീഴില്‍; മന്ത്രിസഭ ഓര്‍ഡിനന്‍സ് അംഗീകരിച്ചു

ദില്ലി:രാജ്യത്തെ സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിന്റെ കീഴില്‍ കൊണ്ടുവരാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനം. ഇതോടെ സഹകരണ ബാങ്കുകളുടെ നിയന്ത്രണം റിസര്‍വ് ബാങ്കിന്റെ പരിധിയില്‍ വരും. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഇതൊടെ മറ്റ് ഷെഡ്യൂള്‍ഡ് ബാങ്കുകളെപ്പോലെ സഹകരണ ബാങ്കുകളും റിസര്‍വ് ബാങ്ക് നിയമങ്ങള്‍ക്ക് വിധേയമാകും. കിട്ടാക്കടം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ നേരിട്ട് റിസര്‍വ് ബാങ്ക് പരിശോധിക്കും. സമീപകാലത്തായി ചില സംസ്ഥാനങ്ങളില്‍ സഹകരണ ബാങ്കുകളിലുണ്ടായ തട്ടിപ്പുകളുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണം കര്‍ശനമാക്കുന്നത്‌. നേരത്തെ ഇതിന് സമാനമായ ബാങ്കിങ് റെഗുലേഷന്‍ ബില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നുവെങ്കിലും സഭാ സമ്മേളനം കോവിഡ് വ്യാപനം മൂലം വെട്ടിച്ചുരുക്കിയതിനാല്‍ അത് പാസാക്കാന്‍ സാധിച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ് ഇപ്പോള്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.

നിലവില്‍ ഷെഡ്യൂള്‍ഡ് ബാങ്കുകളെയാണ് റിസര്‍വ് ബാങ്ക് നിയന്ത്രിക്കുന്നത്. ഇനിമുതല്‍ സഹകരണബാങ്കുകളുടെ നിയന്ത്രണവും റിസര്‍വ് ബാങ്കിന്റെ കീഴിലാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ 1482 അര്‍ബര്‍ സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെ 1540 സഹകരണ സ്ഥാപനങ്ങളാണ് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തില്‍ വരിക. ഇതോടെ 8.6 കോടി ഇടപാടുകാരുടെ നിക്ഷേപം സുരക്ഷിതമായെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. 4.84 ലക്ഷം കോടി രൂപയാണ് ഇവരുടെ നിക്ഷേപം.

കോവിഡ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മുദ്ര യോജന പ്രകാരം വായ്പ എടുത്തവര്‍ക്ക് പലിശ ഇനത്തില്‍ രണ്ടുശതമാനം സബ്‌സിഡി അനുവദിക്കാനുളള തീരുമാനത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ശിശു ലോണ്‍ പ്രകാരം വായ്പ എടുത്തവര്‍ക്കാണ് രണ്ടുശതമാനം സബ്‌സിഡി ലഭിക്കുക. മാര്‍ച്ച് 31 വരെ വായ്പ തിരിച്ചടവില്‍ കുടിശ്ശികയുളളവര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. അര്‍ഹതയുളളവര്‍ക്ക് 12 മാസം വരെ പലിശ ഇളവ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.